-----------------------------------------------------------------------------------------------------------
തിരുവനന്തപുരം: പത്രപ്രവര്‍ത്തകര്‍ക്കും ജേണലിസം വിദ്യാര്‍ത്ഥികള്‍ക്കും യുക്തിഭദ്രത അവശ്യ ഘടകമാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികളുടെ ആദ്യ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും പത്രപ്രവര്‍ത്തകര്‍ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകണം. ശാസ്ത്രവും ചരിത്രവും ഉള്‍പ്പെടെ എല്ലാ മേഖലകളിലും സാമാന്യ വിജ്ഞാനം കാത്തു സൂക്ഷിക്കണം. ആശയങ്ങള്‍ വിനിമയം ചെയ്യപ്പെടണം. അറിയിക്കുക എന്നതുപോലെ തന്നെ മറച്ചു വയ്ക്കപ്പെടുന്നതും പത്രപ്രവര്‍ത്തനത്തില്‍ പ്രധാനമാണ്.
ഒരു ദൌത്യമോ കലയോ വികാരമോ ആയി പത്രപ്രവര്‍ത്തനത്തെ കണക്കാക്കപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഒരു തൊഴില്‍ ആയി മാറി. പിശുക്കന്‍ സ്വര്‍ണ്ണനാണയം വിനിയോഗിക്കുന്നതുപോലെ ആകണം വാക്കുകള്‍ ഉപയോഗിക്കേണ്ടത്, ഇത് ഒരു വെല്ലുവിളി ആണെന്ന് ചുള്ളിക്കാട് കൂട്ടിച്ചേര്‍ത്തു.
ആധുനിക കാലഘട്ടത്തിലും റേഡിയോയുടെയും സാഹിത്യത്തിന്‍റെയും പ്രസക്തി ഏറുകയാണ്. 'എനിക്കെന്തു കിട്ടും നിന്നോടൊപ്പം വന്നാല്‍' എന്ന പത്രോസിന്റെ ചോദ്യത്തോട് 'നിനക്ക് ഞാന്‍ നിത്യ ജീവന്‍ പ്രദാനം ചെയ്യാം' എന്ന് വാഗ്ദാനം നല്‍കിയ യേശുദേവന്‍റെ കഥ പറഞ്ഞു ബാലചന്ദ്രന്‍ ചുള്ളിക്കാട് ഉപസംഹരിച്ചു.
പ്രസ് ക്ലബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്ടിട്യുട്ട് ഓഫ് ജേണലിസം ഡയറക്ടര്‍ എന്‍.ആര്‍.എസ്.ബാബു സംസാരിച്ചു.
First Assignment.
03.08.2009
No comments:
Post a Comment