"നിശബ്ദ താഴ്വരയിലെ ഓരോ മഞ്ഞു കണവും ഓരോ പുരാരേഖകള്‍ ആണ്,
അതില്‍ ജീവന്‍റെ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു."
സൈലെന്റ് വാലിയുടെ നിശ്ശബ്ദതയ്ക്കു ഭംഗമില്ലാത്ത നിമിഷങ്ങള്‍ ഇപ്പോഴും കൊഴിഞ്ഞു വീഴുന്നുണ്ട്. ഹരിത നിറത്തിന്റെ വന്യതയ്ക്കും സൗന്ദര്യത്തിനും സൈലന്റ് വാലി ദേശീയോദ്യാനം എന്ന പേര് ലഭിച്ച ശേഷം കാല്‍ നൂറ്റാണ്ടു കടന്നു പോയിരിക്കുന്നു. താഴ്‌വരയുടെ ഹൃദയത്തിലൂടെ കുന്തിപ്പുഴ ഇപ്പോഴും ഔഷധ വീര്യത്തോടെ ഒഴുകിക്കൊണ്ടിരിക്കുന്നു.
ഭൂമിശാസ്ത്രം.
പാലക്കാട് ജില്ലയിലാണ് സൈലന്റ് വാലി. മുക്കാലി മുതല്‍ സൈരന്ധ്രി വരെയുള്ള പ്രദേശം ദേശീയോദ്യാനത്തില്‍ ഉള്‍പ്പെടുന്നു. ആകെ വിസ്തീര്‍ണ്ണം 237 .52 ചതുരശ്ര കിലോ മീറ്റര്‍. ഇതില്‍
89 .54 ച. കി. മീ. കോര്‍ ഏരിയ ആയും ചുറ്റുമുള്ള പ്രദേശം ബഫര്‍ സോണ്‍ (കരുതല്‍ മേഖല) ആയും തിരിച്ചിരിക്കുന്നു.
ഹൃദയത്തിലൂടെ നീ, കുന്തിപ്പുഴ..
തണുത്ത ശുദ്ധജലം ഈപുഴയിലൂടെ ഒഴുകുന്നു. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകുന്ന ദക്ഷിണേന്ത്യയിലെ ഏക പുഴയാണ് കുന്തിപ്പുഴ. സമുദ്ര നിരപ്പില്‍ നിന്നും 2383 കിലോ മീറ്റര്‍ ഉയരത്തില്‍ നിന്നും കുന്തിപ്പുഴ ഒഴുകി തുടങ്ങുന്നു. 13 ഇനം വ്യത്യസ്തങ്ങളായ മത്സ്യ ഇനങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.
കാക്കയും മനുഷ്യനും അല്ലാത്തതെല്ലാം.
ഇതുവരെയും ഒരു ആദിവാസി സമൂഹത്തിനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശമാണ് ഈ താഴ്വര. മനുഷ്യ വാസം ഇല്ലാത്തത് കൊണ്ട് തന്നെ കാക്കയെയും ഇവിടെ കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ വ്യത്യസ്തങ്ങളായ മറ്റു നിരവധി സസ്യ-ജീവി വംശങ്ങളെ ഇവിടെ കണ്ടെതിടിട്ടുണ്ട്.
വൈവിധ്യങ്ങളുടെ വനഭൂമി
സൈലന്റ് വാലി ജൈവ വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ്. 200 -ല്‍ അധികം പക്ഷി വര്‍ഗ്ഗങ്ങള്‍ , അതില്‍ 14 ഇനങ്ങള്‍ അപൂര്‍വങ്ങള്‍ ആയവ. മരതക വണ്ടുകള്‍ ഉള്‍പ്പടെ 225 -ഇല്‍ അധികം വണ്ട് ഇനങ്ങള്‍. 100 -ല്‍ ള്ള ചിത്ര ശലഭങ്ങളും 400 -ല്‍ അധികം ഇനങ്ങളിലുള്ള നിശാ ശലഭങ്ങള്‍. രാജ വെമ്പാല ഉള്‍പ്പടെ 55 പാമ്പ് വര്‍ഗ്ഗങ്ങള്‍. 2000 -ത്തില്‍ അധികം സസ്യ ഇനങ്ങളില്‍ 1000 ജാതിയും പുഷ്പിക്കുന്നവ. ഈ കൂട്ടത്തില്‍ 200 തരം ആല്‍ഗകളും 100 -ലധികം പന്നല്‍ ചെടികളും ഉണ്ട്. 107 തരം ഓര്‍ക്കിഡുകളും 56 പുല്‍വര്‍ഗ്ഗങ്ങളും ഈ താഴ്‌വരയുടെ സ്വന്തമാണ്.
കണക്കുകള്‍ അനുസരിച്ച് 85 തരം വ്യത്യസ്ത സസ്യ ജൈവ വര്‍ഗ്ഗങ്ങളാണ് ഒരു ഏക്കറില്‍ കാണപ്പെടുന്നത്. 60 -ല്‍ അധികം അപൂര്‍വ്വ ഇനം സസ്യങ്ങള്‍ സൈലന്റ് വാലിയ്ക്ക് പച്ച നിറം പകരുന്നു. ഇനിയും ഏറെ സസ്യ - ജീവി വംശങ്ങള്‍ തിരിച്ചറിയാപ്പെടാനുണ്ട്.
ഇവിടെ ഞങ്ങള്‍ ഹാജരുണ്ട്.
'മലമുഴക്കി വേഴാമ്പല്‍ ' എന്ന നമ്മുടെ സംസ്ഥാന പക്ഷി സൈലന്റ് വാലിയിലെ സാന്നിധ്യമാണ്. മരം കൊത്തി, റിപ്ളി മൂങ്ങ, മര പ്രാവുകള്‍, കരിം പുള്ള് തുടങ്ങി അനേകം പക്ഷികളെ ഇവിടെ കാണാന്‍ കഴിയും.
കടുവ, കാട്ടാന, കരിമ്പുലി, കാട്ടുപോത്ത്, കാട്ടുമുയല്‍, മ്ലാവ്, കൂരമാന്‍, കേഴമാന്‍, ചെങ്കീരി, വരയാട്, കാട്ടുവെരുക് തുടങ്ങിയവരാണ് സൈലന്റ് വാലിയിലെ മൃഗ സാന്നിധ്യങ്ങള്‍. 315 തരം തിരിച്ചറിയപ്പെട്ട ജീവികള്‍ താഴ്‌വരയുടെ ഭാഗമാണ്. ചെറുകുതിര, തവിടന്‍ കീരി, ചെവിയന്‍ വവ്വാല്‍, തുടങ്ങി അപൂര്‍വ ജീവികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അല്പം വികസന കാര്യം.
ജല വൈദ്യുത ആവശ്യത്തിനു കുന്തിപ്പുഴയുടെ കുറുകെ ഒരു ഡാം നിര്‍മ്മിക്കണം എന്ന് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. 1971 -ല്‍ ഈ ആശയം നിര്‍ദേശിയ്ക്കപ്പെട്ടു. 1973 -ല്‍ പ്ലാനിംഗ് കമ്മീഷന്‍ പദ്ധതിയ്ക്ക് അനുമതി നല്‍കി.
നിശ്ശബ്ദമല്ലാത്ത പ്രതിഷേധം.
സൈലന്റ് വാലിയുടെ നേരെ നീട്ടിയ മരണ വാറന്റ് ആണ് ഡാം നിര്‍മ്മാണം എന്ന് കേരളത്തിലെ പ്രകൃതി സ്നേഹികള്‍ തിരിച്ചറിഞ്ഞു. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മഴക്കാടുകളെയും സസ്യ ജീവ ജാലങ്ങളെയും ജലത്തില്‍ മുക്കി കൊല്ലാന്‍ അനുവദിക്കില്ലെന്ന് അവര്‍ തീരുമാനിച്ചു.
മലയാളത്തിന്റെ സാംസ്കാരിക - സാഹിത്യ നായകര്‍ സമരത്തില്‍ അണി ചേര്‍ന്നു. സമരം ശക്തിപ്പെട്ടു. ഡോ: സതീഷ് ചന്ദ്രന്‍, എസ്. സുബ്രമണ്യ ശര്‍മ്മ എന്നിവര്‍ നയിച്ച സമരത്തില്‍ സുഗതകുമാരിയും എന്‍.എസ്.കൃഷ്ണവാര്യരും ഒപ്പം ചേര്‍ന്നു. സാഹിത്യനായകരായ ബഷീര്‍, കടമ്മനിട്ട, അയ്യപ്പ പണിക്കര്‍, ഒ.എന്‍.വി, വൈലോപ്പിള്ളി, ഒ.വി.വിജയന്‍ തുടങ്ങിയവര്‍ പ്രക്ഷോഭത്തെ വളര്‍ത്തി. ഡോ: സലിം അലി സമരത്തെ സഹായിച്ചു.
ഇടപെടലിന്‍റെ ചരിത്രം
പ്രകൃതിയോടും പരിസ്ഥിതി വിഷയങ്ങളോടും ഉള്ള പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സ്നേഹം സൈലന്റ് വാലിയ്ക്ക് നേട്ടമായി. അടിസ്ഥാന കാരണം 1972 -ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ പാരിസ്ഥിതിക വിഷയങ്ങളെ സംബന്ധിച്ച് നടന്ന സെമിനാര്‍ ആയിരുന്നു. ഭാരതത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഇന്ദിരയ്ക്ക് ഈ വിഷയത്തില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.
സൈലന്റ് വാലിയുടെ സംരക്ഷണത്തിന് വേണ്ടി കേരളത്തില്‍ നടക്കുന്ന സമരം ഇന്ദിര തിരിച്ചറിഞ്ഞു. 1980 -ല്‍ ഇന്ദിര നിയമിച്ച എം.ജി.കെ.മേനോന്‍ കമ്മിറ്റിയുടെ നിര്‍ദേശം ഡാം നിര്‍മ്മാണം ഉപേക്ഷിക്കണം എന്നായിരുന്നു. 1979-ല്‍ ചരണ്‍സിംഗ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയ സ്വാമിനാഥന്‍ കമ്മിറ്റിയുടെ ചുവടു പിടിച്ചായിരുന്നു ഈ നീക്കം.
ചരിത്രത്തിലേക്ക് ഒരു തീരുമാനം.
സൈലന്റ് വാലി സംരക്ഷണ സമിതിയുടെ ആവശ്യത്തിനു 1984 നവംബര്‍ 15 -നു അംഗീകാരം ലഭിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി സൈലന്റ് വാലിയില്‍ നേരിട്ടെത്തി ആയിരുന്നു ദേശീയോദ്യാനം എന്ന പദവി നല്‍കിയത്. 2007 -ല്‍ സംസ്ഥാന സര്‍ക്കാര്‍ ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ചു.
ഇനി ഞാന്‍ ഉറങ്ങട്ടെ...
അടുക്കുന്തോറും അകന്നു പോകുന്ന രഹസ്യങ്ങളുടെ കലവറയാണ് സൈലന്റ് വാലി. മൂടി വയ്ക്കപ്പെട്ട ജൈവ രഹസ്യങ്ങളുടെ ഇടം. തിരിച്ചരിയപ്പെടാന്‍ ഇനിയും ഏറെ സസ്യ-ജീവി വര്‍ഗ്ഗങ്ങള്‍. 25 കിലോ മീറ്ററില്‍ അധികം ദൂരം മനുഷ്യ സ്പര്‍ശം ഏല്‍ക്കാതെ ഒഴുകുന്ന കുന്തിപ്പുഴ.
ഓരോ ചെറു ശബ്ദത്തിനും ചെവി കൊടുക്കുന്ന ജീവികള്‍. അവരുടെ കൂര്‍പ്പിച്ച കാതുകളും സദാ തിരയുന്ന കണ്ണുകളും ഒരപകടം പ്രതീക്ഷിക്കുന്നത് പോലെ. വരും നിമിഷങ്ങളെ ജാഗ്രതയോടെ സമീപിക്കുന്നവര്‍. ഇര തേടുന്നവര്‍, ഇരയാകുന്നവര്‍. അപരിചിത സന്നിധ്യങ്ങള്‍ സഹ ജീവികളെ അറിയിക്കുവാള്‍ വെമ്പുന്നവര്‍. നിലനില്പിന് വേണ്ടി സമരം ചെയ്യുന്ന, ഉണര്‍ന്നിരിക്കുന്ന ഒരു സമൂഹം, ചീവീടുകള്‍ ഇല്ലാത്ത ഈ താഴ്വരയില്‍ നിശ്ശബ്തത പങ്കിട്ടു ജീവിക്കുന്നു.
syamraj md
No comments:
Post a Comment